SEARCH


Rakthajathan (രക്തജാതന്‍ )

Rakthajathan (രക്തജാതന്‍ )
തെയ്യം ഐതീഹ്യം/THEYYAM LEGEND


രക്തജാതനീശ്വരൻ… ദക്ഷയാഗശാലയിൽ ജഠപറിച്ചുറഞ്ഞാടിയ രുദ്രന്റെ രൗദ്രത്തിൽ നിന്നംജാതനായ ദേവനാണ് ”രക്തജാതനീശ്വരൻ”… ദക്ഷയാഗ കഥയിലെ വീരഭദ്രന്‍ തന്നെയാണ് രൗദ്രരൂപികളായ രക്തജാതൻ, വൈരജാതൻ തുടങ്ങിയ തെയ്യക്കോലങ്ങളായി കെട്ടിയാടുന്നത്. ലോകനാഥൻ മഹാദേവന്റെ ധർമ്മപത്നിയായിരുന്ന സതീദേവിയുടെ പിതാവായിരുന്നു ദക്ഷൻ. ദേവഗണങ്ങളുടെയും ഋഷി ശ്രേഷ്ടന്മാരുടെയും സാന്നിധ്യത്തിൽ അദ്ദേഹം പ്രശസ്തമായ ദക്ഷയാഗം നടത്താൻ തീരുമാനിച്ചു. എന്നാൽ സ്വന്തം എതിർപ്പിനെ തുടർന്ന് കൈലാസനാഥനെ പതിയായി സ്വീകരിച്ച സതീദേവിയെയും മഹാദേവനേയും യാഗത്തിന് ക്ഷണിക്കുകയുണ്ടായില്ല. എന്നാൽ സ്വന്തം പിതാവ് തന്നെ ക്ഷണിക്കേണ്ട ആവശ്യം ഇല്ലെന്ന നിലപാടിൽ സതീ ദേവി ഉറച്ചു നിന്നു. തന്റെ ആജ്ഞ ധിക്കരിച് ദക്ഷന്റെ ക്ഷണിക്കാത്ത യാഗത്തിൽ പങ്കെടുത്താൽ ഇനി കൈലാസത്തിലേക്ക് മടങ്ങി വരേണ്ടെന്നും പരമശിവൻ താക്കീത് നല്കി. ശിവന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ട് സതി, ക്ഷണമില്ലാതിരുന്നിട്ടും തന്റെ പിതാവായ ദക്ഷന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നു ദേവന്മാരും മുനിശ്രേഷ്ടരുമടക്കം ഇരിക്കുന്ന സഭയില്‍ വച്ച് ദക്ഷന്‍ പുത്രിയെ ക്ഷണിക്കാതെ വന്നതെന്തിന് എന്ന് ചോദിച്ചു അപമാനിച്ചു. തന്റെ പതിയെ ധിക്കരിച്ചും അച്ഛന്റെ അടുക്കല്‍ വന്നു അപമാനം നേരിടേണ്ടി വന്നതില്‍ ദുഖിതയായ സതി യാഗാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്തു .വിവരമറിഞ്ഞ മഹാദേവന്‍ കോപിഷ്ഠനായി തന്റെ ജടപറിച്ചു നിലത്തടിച്ചു . അതില്‍ നിന്നും വീരഭദ്രന് ഉണ്ടായി ആ വീര ഭദ്രനാണ് ശ്രീവൈരജാതനീശ്വരൻ, രക്തജാതനീശ്വരൻ എന്നീ പേരുകളിൽ വിളിക്കപ്പെട്ടത്‌. ശിവന്റെ ആജ്ഞപ്രകാരം ശിവഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗശാലയില്‍ ചെന്ന് യാഗത്തിന് വന്നവരേയും യാഗം ചെയ്യുന്നവരും വധിച്ചു. ദക്ഷന്റെ തലയറുത്തു. എന്നിട്ടും അരിശം തീരാഞ്ഞ് യാഗശാല ചുട്ടുകരിച്ചു. ശ്രീ മഹാദേവന്‍ പുത്രന്‍ പ്രവൃത്തിയിങ്കല്‍ സന്തുഷ്ടനായി. പുത്രനെഅനുഗ്രഹിച്ചു, തന്റെ ലക്ഷ്യം പൂര്ത്തിതയാക്കിയ പുത്രനോട് മഹാദേവന്‍ മാനുഷ ലോകത്തിലേക്ക്‌ ചെന്നു ക്ഷേത്ര പാലകനെയും വേട്ടക്കൊരുമകനെയും സഹായിക്കാന്‍ അയച്ചു.. കേരളത്തിന്റെ വടക്ക് ഭാഗത്ത് പണ്ട് അള്ളടസ്വരൂപം എന്ന പേരില്‍ ഒരു രാജവംശം ഉണ്ടായിരുന്നു. അള്ളടം നാട് ഭരിച്ചു മുടിച്ചിരുന്ന എട്ടു ദുഷ്പ്രഭുക്കന്മാനരില്‍ നിന്നും പടവെട്ടി രാജ്യം പിടിക്കാന്‍ സാമൂതിരിക്കൊലോത്തു നിന്നും വന്ന വീരനായിരുന്നു ക്ഷേത്രപാലകന്‍, നെടിയിരിപ്പ് സ്വരൂപത്തിൽ സാമൂതിരിയുടെ പടനായകനാണ് ഈ താടിവെച്ച തമ്പുരാൻ. കോലസ്വരൂപതിലെ രാജകുമാരനായ കേരളവർമ്മയ്ക്ക് നെടിയിരിപ്പ് സ്വരൂപത്തിലെ പങ്കിപുല്ലേരി തമ്പുരാട്ടിയെ സ്വന്തമാക്കിയപ്പോൾ അവരുടെ ആഗ്രഹപ്രകാരം അള്ളടസ്വരൂപം പിടിച്ചെടുക്കാൻ കോലത്തിരി കോപ്പുകൂട്ടി. ക്ഷേത്രപാലകൻ കോലത്തിരിക്ക് വേണ്ടി അള്ളടസ്വരൂപം പിടിച്ചടക്കി. മൂവരും ചേർന്ന് ഭൂമിയില്‍ ദുഷ്ടരെ നിഗ്രഹിച്ചു ശിഷ്ടരെ പരിപാലിച്ചു. അള്ളടസ്വരൂപത്തിലെ അള്ളോൻ, മന്നോൻ കൂക്കളോൻ, തുടങ്ങി എട്ടു പ്രഭുക്കന്മാരെയും വധിച്ച്‌ കേരളവർമ്മയെ അള്ളടസ്വരൂപത്തിന്റെ അധികാരമേൽപ്പിച്ചു തുടർന്ന് ഈ ദേവൻ മുളവന്നൂർ ഭഗവതിയുടെ കൂടെ ആരൂഡമുറപ്പിച്ചു. ഭഗവതി ദേവനു പ്രത്യേക സ്ഥാനം നൽകി ആദരിക്കുകയും പിന്നീട് ആ ദേവൻ “രക്തജാതനീശ്വരൻ” എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ഈ ദേവന്‍ പല നാടുകളില്‍ പല പേരിൽ അറിയപ്പെടുന്നു.
courtesy Sree Bhagavathy FB Page





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848